Saturday, March 10, 2012

ഒരു ഇന്‍റര്‍‌വ്യു വീരഗാഥ,,,


   എസ്.എസ്.എല്‍.സി ക്ലാസോടെ പാസായതില്‍ പിന്നെ നാട്ടിലും വീട്ടിലും കുറച്ചു കാലം ഞാന്‍ സ്റ്റാറായിരുന്നു.അന്ന് ഇന്നത്തെ പോലെയൊന്നു മായിരുന്നില്ല എസ്.എസ്.എല്‍.സി എന്നത് ഞങ്ങടെ നാട്ടിലെ പിള്ളാരെ സംബന്ധിച്ച് പലര്‍ക്കും ഒരു ബാലികേറാമല തന്നെയായിരുന്നു. എല്ലാവരുടേയും അഭിനന്ദനപ്രവാഹങ്ങള്‍ കൂടിയായപ്പോള്‍ എനിക്ക് രണ്ടിഞ്ജു പൊക്കം കൂടിയോ എന്നെനിക്കു തോന്നി.അവസാനം കണ്ണാടിയില്‍ പോയി നോക്കിയപ്പോഴാണ് എല്ലാം എന്‍റെ തോന്നലായിരുന്നെന്നും ഞാന്‍ അഞ്ജടി പോലും ഉയരമില്ലാത്ത മീശപോലും കിളര്‍ക്കാത്ത ആ പഴയ കോലത്തില്‍തന്നെയാണെന്നെനിക്കു മനസ്സിലായത്.ഏതായാലും അടുത്തുള്ള കോളേജുകളിലും പ്ലസ്ടുകളിലും പോയി അപേക്ഷ ഫോമുകള്‍ വാങ്ങികൊണ്ടു വന്നു.കോളേജുകളില്‍ പ്രീഡിഗ്രി പൂര്‍ണമായും വേര്‍പ്പെടുത്താന്‍ പോകുന്ന കാലംപുതുതായി സ്കൂളുകളില്‍ പ്ലസ്ടു വാണ് പകരം വന്നിരുന്നത്.അതുകൊണ്ടു തന്നെ പരിമിത സീറ്റുള്ള കോളേജുകളില്‍ എനിക്കു കിട്ടുമെന്നുറപ്പുണ്ടായിരുന്നില്ല.മാത്രമല്ല കോളേജിനേക്കാള്‍ നല്ലത് പ്ലസ്ടുവാണെന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്താല്‍ നിങ്ങള്‍ക്ക് എഞ്ജിനീയറോ ഡോക്ടറോ ആകാമെന്നും കോളേജുകളില്‍ ഫസ്റ്റ് ഗ്രൂപ്പോ സെക്കന്‍റ് ഗ്രൂപ്പോ എടുത്തു പഠിക്കുന്നവര്‍ക്ക് ഇതിലേതെങ്കിലും ഒന്നിനു മാത്രമേ ചേരാന്‍ കഴിയുകയുള്ളു  എന്നും പറഞ്ഞ ശ്രീകുമാരന്‍ മാഷിന്‍റെ വാക്കുകളും എനിക്കു പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കണമെന്ന മോഹം വര്‍ദ്ധിപ്പിച്ചു.
അതു കൊണ്ടൊക്കെ തന്നെ കൊടുത്ത ഫോമുകളിലെല്ലാം സയന്‍സ് ഗ്രൂപ്പാണ് ഫസ്റ്റ് ഓപ്ഷനായി കൊടുത്തത്.ഏകദേശം പത്തിരുപത് ദിവസങ്ങള്‍ക്കു ശേഷം രണ്ടിന്‍റര്‍‌വ്യൂ കാര്‍ഡുകള്‍ പോസ്റ്റ്മാന്‍ കൊണ്ടുവന്ന് തന്നപ്പോള്‍ ശരിക്കും ഞാന്‍ ത്രില്ലടിച്ചു.ഒന്ന് സയന്‍സ് ഗ്രൂപ്പിന് വെയ്റ്റിങ് ലിസ്റ്റില്‍ അടുത്തദിവസം രാവിലെ നടക്കുന്ന ഇന്‍റര്‍‌വ്യൂ വിന്‍റേയും മറ്റേത് രണ്ടു നാളുകള്‍ക്ക് ശേഷം നടക്കുന്ന കൊമേഴ്സ് ഗ്രൂപ്പിന്‍റെ ഷുവ‌ര്‍ ലിസ്റ്റിലേക്കുള്ള ഇന്‍റര്‍‌വ്യുവുമായിരുന്നു. പക്ഷേ എനിക്കു സയന്‍സ് ഗ്രൂപ്പില്‍ എങ്ങനെയെങ്കിലും കിട്ടിയാല്‍ മതിയെന്ന ചിന്തയാണ് ഉണ്ടായിരുന്നത്.

ഉമ്മാ,,,ഇന്‍റര്‍‌വ്യൂ കാര്‍ഡ് വന്നിരിക്കുന്നു നാളെ ഇന്‍റര്‍‌വ്യൂവുണ്ട്.ഞാന്‍ ഇന്‍റര്‍‌വ്യു കാര്‍ഡെടുത്ത് ഉമ്മാനെകാണിച്ചു. ഉമ്മാക്കും ഭയങ്കര സന്തോഷമായി.

നാളെ എങ്ങനാ പോക,,,ഞാന്‍ വരണോ,,   ഉമ്മ ചോദിച്ചു

അതൊന്നും വേണ്ട ഞാനൊറ്റക്കു പൊക്കോളാം എന്ന് പറഞ്ഞെങ്കിലും എന്നെ സംബന്ധിച്ച് ഇന്‍റര്‍‌വ്യൂ എന്നത് കേട്ട് പരിചയമുള്ള വാക്ക് മാത്രമായിരുന്നു.ഏതായാലും ആരോടെങ്കിലും ചോദിക്കാം എന്നു വിചാരിച്ചാണ് റോട്ടിലേക്കിറങ്ങിയത്.

മുത്തോ,,ജ്ജെവിട്ക്കാടാ,,,
എന്നും ചോദിച്ച് കുഞ്ഞാപ്പു എന്‍റടുത്ത് സൈക്കിളില്‍ വന്നിറങ്ങി.

കുഞ്ഞാപ്പു എന്‍റെ സ്നേഹിതനാണ്.ഒന്നിച്ചു പഠിച്ചതാണെങ്കിലും എന്നേക്കാള്‍ ഒരു വയസിനു മൂത്തതാണ്.പത്താം ക്ലാസ് തോറ്റതാണെങ്കിലും എന്നെ സംബന്ധിച്ച് കുഞ്ഞാപ്പുവിന് ലോകവിവരം കൂടുതലാണ്.അഞ്ജാം ക്ലാസില്‍ പഠിക്കുമ്പോതന്നെ കുഞ്ഞാപ്പു ഒറ്റക്ക് ബസില്‍ പലസ്ഥലത്തും
പോയിട്ടുണ്ട്.അതുകൊണ്ടൊക്കെ തന്നെ എനിക്കു കുഞ്ഞാപ്പുവിനോട് ചെറിയൊരു
ആരാധനയുണ്ടായിരുന്നു.

എടാ,,എനിക്കു ഇന്‍റര്‍‌‌വ്യു കാര്‍ഡ് വന്നിട്ടുണ്ട്.നാളെയാണ് ഇന്‍റര്‍‌വ്യൂ .അതിനെ കുറിച്ച് ആരോടെങ്കിലും ചോദിക്കാനിറങ്ങിയതാ....ഞാന്‍ പറഞ്ഞു

അത്പ്പന്താടാ ചോയ്ക്കാനുള്ളത് .ന്‍റെ അമ്മായിന്‍റെ മോനും കഴിഞ്ഞയാഴ്ച്ചയൊരു ഇന്‍റര്‍‌വ്യുവിന്
പോയിരുന്നു.ഓന്‍ ന്‍റായിരിയൊന്നൊമല്ല പഠിപ്പിസ്റ്റാ.ഓന്‍ ന്നോട് പറഞ്ഞിട്ടുണ്ട് എന്തൊക്കെണ്
ഓല് ചോയ്ച്ചതെന്ന്.എനിക്കു കുഞ്ഞാപ്പുവിനോടുള്ള അരാധന ഒന്നു കൂടി വര്‍ദ്ധിച്ചു.

ഇജ്ജ്,, അന്‍റെ സര്‍ട്ടിഫിക്കറ്റൊക്കെ കൊണ്ടൊയ്ക്കോളോണ്ടി.അതൊക്കെ നോക്കും.പിന്നെ അന്നോട് കൊറച്ച് ചോദ്യം ചോദിക്കും.ഞമ്മള്‍ പഠിച്ചതില്‍ നിന്നാകും അനക്കതൊന്നും പ്രശ്നണ്ടാകൂല,ഇജ്ജും ഒരു പഠിപ്പിസ്റ്റല്ലെ.ഹ,,ഹ,,,കുഞ്ഞാപ്പു തന്‍റെ സ്വതസിദ്ധശൈലിയിലൊന്നു ചിരിച്ചുകൊണ്ടു പറഞ്ഞു

എടാ,,ക്ക്,,കുറ്റിപ്പുറമൊന്നു പോകണം,,,ഒരാളെ കാണാനുണ്ട്,,, പിന്നെ,,,ഇന്‍റര്‍‌വ്യൂ കിട്ടിയാ ഞമ്മക്ക് പാര്‍ട്ടി വേണട്ടാ,,, അതും പറഞ്ഞ് കുഞ്ഞാപ്പു സൈക്കിള്‍ ആഞ്ഞു ചവിട്ടി പോയി,,,
ഹൊ,,,ഏതായാലും കുഞ്ഞാപ്പുവിനെ കണ്ടതു നന്നായി,,,, ഏതായാലും ചോദ്യങ്ങള്‍ ചോദിക്കുമെന്നു പറഞ്ഞ സ്ഥിതിക്ക് പുസ്തകമൊക്കെയൊന്നു നോക്കി കളയാം,,,എല്ലാം മറന്നിരിക്കുന്നു,,, ഞാന്‍ തിരിച്ച് വീട്ടിലേക്കു നടന്നു,,,,,,,അടുക്കി വെച്ചിരുന്ന പുസ്തകങ്ങളില്‍ നിന്നു സയന്‍സ് പുസ്തകങ്ങളെടുത്ത് വെളിയിലെടുത്ത് വെച്ചു.എല്ലാം ഉമ്മ വ്യത്തിയായി അടുക്കി വെച്ചതായിരുന്നു,,,

എന്താടാ,,ജ്ജവിടെ കാട്ടണത്,,,,ഞ്ഞതെല്ലാം എടുത്ത് പരത്തിട്ടൊ,,,,ഒക്കെ നേരാക്കി വെക്കാന്‍ ഞാനുണ്ടല്ലൊ,,,, ഉമ്മ ചൂടിലാണ്,,,

അതല്ലമ്മാ,,,, നാളെ ഇന്‍റര്‍‌വ്യുവിന് ഇതില്‍ നിന്നെന്തെങ്കിലും ചോദിക്കും ,,ഞനൊക്കെ മറന്നിരിക്കുന്നു,,,അതൊക്കെ ഒന്നു നോക്കുകയാണ്.ഞാന്‍ പറഞ്ഞു.

എന്നാ,,,ശരിക്ക് നോക്കിക്കൊ,,,ഇഞ്ഞിന്ന് പൊറത്തൊന്നും പോകണ്ട,,,, അതും പറഞ്ഞ് ഉമ്മ അടുക്കളേക്ക് പോയി.

പടച്ചോനെ ഇതൊക്കെ വീണ്ടും ആവശ്യം വെരുമെന്ന് തീരെ വിചാരിച്ചിരുന്നില്ല.ആരും പറഞ്ഞുമില്ല.ഈ കുഞ്ഞാപ്പുന്‍റെ വിവരം കൂടി ഒരാള്‍ക്കുമുണ്ടായില്ലല്ലൊ.എന്തൊക്കെയോ കുറച്ച്
നോക്കി വെച്ചു.പിറ്റേ ദിവസം രാവിലെ നേരത്തെ എണീറ്റ് ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ച് പുതിയ ഡ്രസ്സെല്ലാം ധരിച്ച് സര്‍ട്ടിഫിക്കറ്റുകളെല്ലാം ഫയലിലാക്കി ഇന്‍റര്‍‌വ്യുവിനുള്ള തയ്യാറെടുപ്പ് തുടങ്ങി.

എടാ,,,ആ മുടിയൊക്കെ ഒന്നു വാര്‍ന്നോക്ക്,,,, പ്ലസ്ടുവാണെങ്കിലും ജ്ജൊരു കോളേജ് കുമാരനാകാന്‍ പോകാണ്ന്നത് മറക്കണ്ട,,,  ഉമ്മയാണ്
പൊതുവേ മുടി ചീകുന്ന സ്വഭാവം എനിക്കില്ല,,, ഇനി ഉമ്മ പറഞ്ഞതല്ലെ എന്നു വിചാരിച്ച് മുടിയൊരുഭാഗത്തേക്ക് ചീകി വെച്ചു,,,

എടാ,,ഞാന്‍ വരണോ,,,?
 ഉമ്മയുടെ ചോദ്യത്തിന് വേണ്ട ഞാനൊറ്റക്കുതന്നെ പൊയ്ക്കോളയെന്നു പറഞ്ഞ് ഞാന്‍ പോകാനിറങ്ങി,,ഒന്നരകിലോമീറ്റര്‍ പോകണം ബസു കിട്ടാന്‍,,, അതുവരെ സൈക്കിളിലാണ് പോകാറ്,,

എടാ,,ജ്ജ്,,,നോക്കി പോണട്ടാ.. സൈക്കിളെടുത്ത് പോകാന്‍ നേരം ഉമ്മ വിളിച്ചു പറഞ്ഞു,,,
ബസ്റ്റോപ്പില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് ബസിനു കാത്തു നിന്നു.രണ്ടു ബസ് കയറി പോകണം ഇന്‍റര്‍‌വ്യു നടക്കുന്ന സ്കൂളിലെത്താന്‍.അവസാനം ബസൊക്കെ കിട്ടി സ്കൂളിലെത്തി.ഒരുപാടു പേരുണ്ട്.നാട്ടുകാരെയും വീട്ടുകാരേയും വിളിച്ചിട്ടാണ് ഓരോര്‍ത്തര്‍ വന്നതെന്നു തോന്നുന്നു,,,കുറേ മുതിര്‍ന്നവരുണ്ട്,,
ഹും,,ചിലപ്പോ ഒറ്റക്കു വരാന്‍ പേടിയുള്ളവരാകും,,,എല്ലാവരും എന്നെപ്പോലെയഅകില്ലല്ലൊ,,, ഞാന്‍ മനസ്സിലോര്‍ത്തു,,
കുറച്ചു ദൂരത്തുള്ള സ്കൂളായത് കൊണ്ടാണെന്ന് തോന്നുന്നു.പരിചയമുള്ള മുഖമൊന്നും ഞാന്‍ കണ്ടില്ല.ഏതായാലും ഞാനേന്‍റെ പേരു വിളിക്കുന്നതും കാത്ത് ഓഫീസിനു മുന്‍പില്‍ നിന്നു. അരമണിക്കൂര്‍ കഴിഞ്ഞില്ല എന്‍റെ പേര് വിളിച്ചു,,ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ ഓഫീസിനുള്ളിലേക്കു കയറിചെന്നു എന്‍റെ പേരു വിളിച്ച കണ്ണടവെച്ച ആളുടെ മുന്‍പില്‍ ചെന്നു നിന്നു.ഇന്‍റര്‍‌വ്യു കാര്‍ഡ് കൊടുത്തു.
കണ്ണടയുടെ മുകളിലൂടെ കുറച്ചു സംശയത്തോടെ എന്നെ നോക്കി കൊണ്ടു ചോദിച്ചു,,,

തന്‍റെ കൂടെയാരും വന്നിട്ടില്ലെ?

ഇല്ല,,ആരും വന്നിട്ടില്ല,,,ഞാനൊറ്റക്കാണു വന്നത്,,,, കുറച്ചഭിമാനത്തോടെ ഞാന്‍ പറഞ്ഞു,,,

ഒറ്റക്കോ,,,,അതെന്താ നിനക്ക് രക്ഷിതാക്കളില്ലെ,,?
ഇപ്രാവശ്യം ചോദ്യമിത്തിരി ഉറക്കെയായിരുന്നു,,,ആരൊക്കെയോ എന്നെ നോക്കാന്‍ തുടങ്ങി,,,

ഉണ്ട്,,ഉപ്പ ദുബായിലാണ്,,,ഉമ്മ വീട്ടിലുണ്ട്,, ഒറ്റക്കു വന്നാമതിയെന്നാ ഞാനറിഞ്ഞത്. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.കാര്യം പന്തിയല്ലായെന്നെനിക്കു മനസ്സിലായി,,,

ഒറ്റക്കു വന്നാമതിയെന്നു തന്നോടാരാ പറഞ്ഞത്,,,?
ഞാനൊന്നും മിണ്ടിയില്ല,,,, അല്ലെങ്കിലും കുഞ്ഞാപ്പുവിനെ ഇവരെങ്ങനെയറിയാനാ,,,

ഏതായാലും,,,, നിന്‍റെ ഉമ്മാനെ വിളിച്ചു കൊണ്ടു വാ,,,ബാക്കിയുള്ളൊരെ ചേര്‍ത്തിട്ട് സീറ്റുണ്ടെങ്കില്‍ നോക്കാം.രക്ഷിതാക്കളില്ലാതെയിവിടെയാരേയും ചേര്‍ക്കില്ല.അതും പറഞ്ഞ് അദ്ദേഹം അടുത്ത പേര് വിളിച്ചു.ഞാനൊന്നും മിണ്ടാതെ തലയും താഴ്ത്തി പുറത്തേക്കിറങ്ങി.ആരൊക്കെയോ എന്നെനോക്കി അടക്കി ചിരിക്കുന്നു.അതില്‍ ചില തരുണികളുമുണ്ടെന്നു കണ്ടപ്പോള്‍ കുഞ്ഞാപ്പുവിനെ ഞാന്‍ മനസില്‍ ഒരുപാട് പ്രാകി.ഡോക്ടറോ എഞ്ജിനീയറോ ആകല്‍ എനിക്കു പറഞ്ഞിട്ടുള്ള കാര്യമായിരിക്കില്ല.ഞന്‍ മനസ്സില്‍ എന്‍റെ വിധിയെ പഴിച്ചു.ഏതായലും ഉമ്മാക്കൊന്നു വിളിച്ച് നോക്കാമെന്നു വെച്ചു.ചിലപ്പോ സീറ്റു ബാക്കിയുണ്ടായാലോ,,,
സ്കൂളിനടുത്തുള്ള ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു,,ഉമ്മയാണ് ഫോണെടുത്തത്,,

ഇന്‍റര്‍‌വ്യു എന്തായടാ,,,കിട്ടിയില്ലെ,,,?  ഞാനാണെന്നറിഞ്ഞതും ഉമ്മ ചോദിച്ചു.

ഒന്നും ശരിയായില്ലുമ്മാ,,,, ങ്ങളും വരണമെന്നാ പറേണത്,,,,അല്ലെങ്കില്‍ ചേരാന്‍ പറ്റില്ലത്രെ,,,,ങ്ങള് വേഗമൊരു വണ്ടിവിളിച്ച്ങ്ങട്ട് വരിന്‍,,,ഞാന്‍ പറഞ്ഞു.

എടാ,,,അരി അടുപ്പത്താണല്ലൊ,,,, കുറച്ച് കഴിഞ്ഞിട്ട് വന്നാമതിയോ,,,,,? അതൊന്നു വേവട്ടെ,,, ഉമ്മാന്‍റേ പറച്ചില്‍ കേട്ടപ്പോ എനിക്കു ദേഷ്യം വന്നു.

ങ്ങക്ക്,,,ഞാന്‍ ഡോക്ടറോ എഞ്ജിനീയറോ ആക്‌ണതിനേക്കാള്‍ വലുതാണോ,,,അരി വേവല്‍,,,, ഞാന്‍ ദേഷ്യപെട്ടു.
ഏതായാലും ഉമ്മ പെട്ടെന്നു വരാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു.ഞാനപ്പോള്‍ ഇന്‍റര്‍‌വ്യൂവും കഴിഞ്ഞ് ചിരിച്ച് കളിച്ച് പോകുന്ന കുട്ടികളേയും നോക്കി ഭാവിയിലെ ഡോക്ടറും എഞ്ജിനീയറുമൊക്കെയാണല്ലൊ  ഈ പോകുന്നത്എന്ന് മനസ്സിലോര്‍ത്ത് നില്‍ക്കുകയായിരുന്നു.
ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉമ്മ ഒരു ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയപ്പോഴാണ് എനിക്കു കുറച്ചു സമാധാനമായത്.വേഗം ഉമ്മാനേയും കൂട്ടി ഓഫീസ് റൂമില്‍ ചെന്നു.ഭാഗ്യത്തിന് സീറ്റിനിയും ബാക്കിയുണ്ടായിരുന്നു.ഞാന്‍ ദൈവത്തിനു മനസ്സില്‍ സ്തുതി പറഞ്ഞു.
മുന്‍പ് വിളിച്ചതായതോണ്ട് ചെന്ന പാടെ എന്‍റെ പേര്‍ വിളിച്ചു.ഇന്‍റര്‍‌വ്യുവെല്ലാം കഴിഞ്ഞ് തിരിച്ചു
വരുമ്പോള്‍ എന്തോ വെട്ടിപ്പിടിച്ച ഭാവമായിരുന്നു എന്‍റെ മുഖത്ത്.ഏതായാലും കുഞ്ഞാപ്പുവിനെ
കണ്ടിട്ട് രണ്ട് വര്‍ത്താനം പറയണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചിരുന്നു.വീട്ടില്‍ വണ്ടിയിറങ്ങിയപാടെ കുഞ്ഞാപ്പു സൈക്കിളില്‍ ദൂരേന്ന് വരുന്നത് ഞാന്‍ കണ്ടു.തേടിയ വള്ളി തന്നെ കാലില്‍ ചുറ്റിയല്ലോ എന്നു മനസിലോര്‍ത്ത് ഞാന്‍ റോഡരുകില്‍ തന്നെ നിന്നു.
എന്‍റടുത്തെത്തിയതും കുഞ്ഞാപ്പു  സൈക്കിള്‍ നിറുത്തി.

എടാ,,,എങ്ങനുണ്ടായിരുന്നു ഇന്‍റര്‍‌വ്യു,,,, കിട്ടിയില്ലെ,,,,ഞാന്‍ പറഞ്ഞമാതിരി ചോദ്യങ്ങളൊക്കെ ചോദിച്ചില്ലെ,,, കുഞ്ഞാപ്പു ആവേശത്തോടെ ചോദിച്ചു

ഇജ്ജ്,,പൊയ്ക്കവിടുന്ന്,,,എടാ,,,,ചെങ്ങായി,,അന്നെ കാണാന്‍ നിക്കുകയായിരുന്നു ഞാന്‍ ,,അന്‍റെ വാക്കും കേട്ട് പോയിട്ടാകെ നാണക്കേടായി,,, അന്‍റമ്മായിന്‍റെ മോന്‍ ഏതുസ്കൂളിലാടാ ഒറ്റക്ക് ഇന്‍റര്‍‌വ്യുവിനു പോയത്,,, എനിക്കാകെ ദേഷ്യം വന്നിരുന്നു

ഓന്‍ സ്കൂളിലല്ല ഇന്‍റര്‍‌വ്യുവിനു പോയത്,,, സ്കൂളില്‍ പുസ്തക സെയില്‍സിനു പോകാനുള്ള ഇന്‍റര്‍‌വ്യൂവായിരുന്നു,,   ഓന്‍‌ക്കിപ്പോ പുസ്തക സെയില്‍സാണ് പണി,,, അനക്കെന്തേ പ്രശ്നം
പറ്റിയത്,,,?, കുഞ്ഞാപ്പുവിന്‍റെ പറച്ചില്‍ കേട്ടപ്പോ എനിക്കു കാര്യങ്ങള്‍ മനസ്സിലായി

എടാ,,അത്,,ജോലിക്കുള്ള ഇന്‍റര്‍‌വ്യുവല്ലെ,,,ഇതു സ്കൂളില്‍ ചേരാനുള്ളതാ,,രണ്ടും രണ്ടാണ്,,,

ഞാന്‍ പറേണത് കേട്ട് അന്തം വിട്ടു നില്‍ക്കുന്ന കുഞ്ഞാപ്പുവിനെ നോക്കി
ഇജ്ജും ,,,അന്‍റൊരു അമ്മായിന്‍റെ മോനും എന്നും പറഞ്ഞ് ഞാന്‍ വീട്ടിലേക്കു നടന്നു,,,

................................................................                 .............................
                                                                                               (തുടര്‍ന്നേക്കാം,)





Monday, March 5, 2012

ഒരു ചിരിപുരാണം,,,


                          ജീവിതയാത്രയില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ പതറരുത്,,,ഏതു പ്രശ്നങ്ങളേയും ചിരിച്ച് കൊണ്ട് നേരിടണം,,,അവസാനം നിങ്ങള്‍ ലക്‌ഷ്യ സ്ഥാനത്തെത്തുകതന്നെ ചെയ്യും,,,കുമാരന്‍ മാഷിന്‍റെ ഈ വാക്കുകളാണ് നിസാരപ്രശ്നങ്ങള്‍ക്ക് പോലും ടെന്‍ഷനടിച്ചിരുന്ന അയാള്‍ക്ക് ആവേശമായത്. അതില്‍ പിന്നെ അയാള്‍ പ്രശ്നങ്ങളെയെല്ലാം ചിരിച്ചോണ്ട് നേരിടാന്‍ തുടങ്ങി.തുടരെ തുടരെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്ന് തുടങ്ങിയതുമുതല്‍ ചിരി നിയന്ത്രിക്കാനയാള്‍ക്കു കഴിഞ്ഞില്ല.ഇടക്കിടക്കുള്ള പൊട്ടിച്ചിരികളായതു മാറി.പന്തിയല്ലാത്ത ചിരിയാണിതെന്നു തോന്നിയ വീട്ടുകാരും നാട്ടുകാരും കൂടി അയാളെ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു.എല്ലാരും കൂടി തന്നെ ഭ്രാന്തനാക്കാനുള്ള  പുറപ്പാടാണെന്നറിഞ്ഞ അയാള്‍ ഡോക്ടറോട് തനിക്കു ഭ്രാന്തില്ലയെന്നുറക്കെ വിളിച്ചു പറഞ്ഞു.എല്ലാം കേട്ടിട്ടും ഡോക്ടറും തന്നെ വിശ്വസിക്കുന്നില്ലയെന്നറിഞ്ഞ അയാള്‍ ഡോക്ടറുടെ കഴുത്തിനു കയറിപിടിച്ചു.നാലഞ്ജുപേര്‍ പിടിച്ചു വലിച്ച് ഷോക്കിങ് റൂമിലെത്തിച്ചതേ പിന്നെ അയാള്‍ക്കോര്‍മയുള്ളു.പിന്നീട് ബോധം വരുമ്പോള്‍ തന്നെ സെല്ലിലടച്ചിട്ടിരിക്കുകയാണെന്നയാള്‍ക്കു മനസ്സിലായി.സെല്ലിലെ മാറാല പിടിച്ച ചുമരിലേക്കു നോക്കി അയാള്‍ മനസ്സിലോര്‍ത്തു,,,,,,

ദൈവമേ...ഇനി കുമാരന്‍ മാഷ് ഉദ്ദേശിച്ച ലക്‌ഷ്യ സ്ഥാനം ഇതാകുമോ,,,,

Thursday, December 29, 2011

ഇമ്മിണി ബല്യ ഒന്ന്,, ,,,,

  
                       ഡിഗ്രി ഒന്നാം‌വര്‍ഷ റിസല്‍ട്ട് വന്നിട്ടുണ്ടെന്നറിഞ്ഞാണ് ഓഫീസ് റൂമില്‍ റിസല്‍ട്ട് വാങ്ങാന്‍ പോയത്.കൂടെ സുഹ്രുത്ത് നസിയുമുണ്ട്.യൂണിവേഴ്സിറ്റിക്കാര്‍ എക്സാം എഴുതാത്തവനു പോലും മാര്‍ക്കിട്ടുകൊടുക്കുന്നു.(ആയിടക്കു എഴുതാത്ത എക്സാമിനൊരുത്തന് മാര്‍ക്കിട്ടുകൊടുത്തുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകളിലിടം നേടിയിരുന്നു.)അതുകൊണ്ട് എക്സാം എഴുതിയ നമ്മള്‍ക്ക് ഒരു പാസ്മാര്‍ക്കെങ്കിലും ആ പഹയന്‍‌മാര്‍ ഇട്ടാല്‍ മതിയായിരുന്നു.ഞാന്‍ നസിയോട് പറഞ്ഞു.
അവന്‍ ഭയങ്കര ആത്മവിശ്വാസത്തിലാണ്.നന്നായി എഴുതിയിട്ടുണ്ടെത്രെ.എനിക്ക് ആകെ പ്രതീക്ഷ യൂണിവേഴ്സിറ്റിയെയാണ്.യൂണിവേഴ്സിറ്റി കനിഞ്ഞില്ലേല്‍ എന്‍റെ കാര്യം കട്ടപ്പുകയാകും.ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
                 ഓഫീസില്‍ ചെന്നപ്പോള്‍ ഒന്നാം വര്‍ഷത്തിലെ എല്ലാ പഠിപ്പിസ്റ്റുകളും റിസല്‍ട്ട് വാങ്ങി അവരവരുടെ ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് ടീച്ചേഴ്സിനെ കാണിക്കാന്‍ ഓടുന്നു.അവരുടെ പരാക്രമം നോക്കി ഞങ്ങളൊരുഭാഗത്ത് നിന്നു.
എടീ എനിക്കു മാത്സില്‍ 8 മാര്‍ക്കു പോയെടോ,,,ഉറപ്പായിട്ടും 100% പ്രതീക്ഷിച്ചിരുന്നതാ,,റീവാല്വാഷനു കൊടുക്കണം,,,ഭയങ്കര കഷ്ടായിപോയി.ഒരുത്തി വേറൊരുത്തിയോട് പറയുന്നു.അവള്‍ പറഞ്ഞവളെ സമാധാനിപ്പിക്കുന്നു.
എനിക്കിതൊക്കെകണ്ട് ചിരിയാണുവന്നത്.
ദൈവമെ,,നമ്മളിവിടെ പാസ്മാര്‍ക്ക് കിട്ടിയാല്‍ മതിയായിരുന്നു എന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ ഇവളുമാരുടെ ആക്രാന്തം കണ്ടില്ലെ.വാരിക്കോരികൊടുത്തിട്ടും ത്യപ്തിപ്പെടാത്ത ഇവളുമാര്‍ക്കു പകരം ചില്ലറ പാസ്മാര്‍ക്ക് നമ്മള്‍ക്കു തന്നാലാനന്ദി എന്നുമുണ്ടാകുമേ,,,,ഞന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു,,
എന്‍റെ പേരുവിളിച്ചതും ഞാന്‍ കൗണ്ടറിലേക്കു ചെന്നു.റിസല്‍ട്ട് വാങ്ങുന്നതിനു മുന്‍പായി രജിസ്റ്ററില്‍ ഒപ്പിട്ടു കൊടുത്തു.റിസല്‍ട്ടു നോക്കി.മലയാളമൊഴിച്ച് എല്ലാവിഷയങ്ങളും പോയിരിക്കുന്നു.മലയാളത്തിന്‍റെ പിതാവായ എഴുത്തച്ചനെ ഞാന്‍ മനസ്സാ നമിച്ചു.അങ്ങില്ലയിരുന്നെങ്കിലീ മാര്‍ക്ക് ലിസ്റ്റ് വെറുതെയാകുമായിരുന്നല്ലൊ,,
പക്ഷെ എന്നെ സങ്കടപ്പെടുത്തിയത് അതൊന്നുമായിരുന്നില്ല,,
ഫിസിക്സില്‍ എനിക്ക് 'ഒരു'മാര്‍‍ക്കാണിട്ടിരിക്കുന്നത്.എന്‍റെ വിദ്യഭ്യാസജീവിതത്തിനിടയില്‍ ആദ്യമായിട്ടാണെനിക്കിത്രയും കുറവു മാര്‍ക്ക് കിട്ടുന്നത്.ഒന്ന് കിട്ടിയാലും പത്ത് കിട്ടിയാലും സപ്ലിമെന്‍റ‌റിയെഴുതണം.പോയതു പോട്ടെയെന്നുവിചാരിച്ച് റിസല്‍ട്ടുമടക്കി പോക്കറ്റില്‍ തിരുകി.
നസി റിസല്‍ട്ടു വാങ്ങുന്നതിന്‍റെ തിരക്കിലാണ്.വരാന്തയിലേക്കിറങ്ങി.ഒരു മൂലയില്‍ പോയി നിന്നു.
നസി മാര്‍ക്ക് ലിസ്റ്റ് വാങ്ങി ഡെസ്പ്പായി വരുന്നുണ്ട്.എന്നോട് റിസല്‍ട്ട് ചോദിച്ചു.മലയാളമൊഴികെയെല്ലാം പോയടാ,,,ഞാന്‍ പറഞ്ഞു.നസിക്ക് മലയാളവും ഇംഗ്ലീഷും കിട്ടിയിരിക്കുന്നു,,,,എന്നേക്കാള്‍ മെച്ചം നീതന്നെയാടാ,എന്നിട്ടുമെന്താ നിന്‍റെ മുഖത്തൊരു തെളിച്ചമില്ലാത്തത്.പോയത് പോട്ടെടാ,,എല്ലാം നമുക്കെഴുതിയെടുക്കാം,,,ഞാനവനെ സമാധാനിപ്പിച്ചു.
അപ്പോഴാണവന്‍ കാര്യം പറഞ്ഞത്.വിഷയം പോയതൊന്നുമല്ലെടാ പ്രശ്നം,,,എനിക്കു ഫിസിക്സില്‍ 'ഒരു'മാര്‍ക്കാണെടാകിട്ടിയിരിക്കുന്നത്.എന്‍റെ ജീവിതത്തിലാദ്യമായാണ് എനിക്കിത്ര കുറവു മാര്‍ക്കു കിട്ടുന്നത്.
അതുകേട്ടു ഞാന്‍ പൊട്ടിചിരിച്ചു,,
നീ ചിരിക്കെണ്ടടാ,,,എന്നാലും നിന്നേക്കാള്‍ മെച്ചം ഞാന്‍ തന്നെയാണ്.എനിക്കു ഇംഗ്ലീഷ് കിട്ടിയിരിക്കുന്നു. നിനക്കതെഴുതിയെടുക്കാന്‍ കുറച്ചു പണിയുണ്ടാകും,,അവന്‍ ചൂടായിട്ടാണ് പറഞ്ഞത്.അവന്‍ വിചാരിച്ചത് ഞാനവനെ കളിയാക്കുകയാണെന്നാണ്. ചൂടാവണ്ടടോ നീ എന്‍റെ മാര്‍ക്കൊന്നു നോക്ക്.പോക്കറ്റില്‍ നിന്നും എന്‍റെ മാര്‍ക്ക് ലിസ്റ്റെടുത്ത് ഞാനാവനു കൊടുത്തു.
എന്‍റെ ഫിസിക്സ് മാര്‍ക്ക് കണ്ട് അവനും ചിരി തുടങ്ങി.
ഞങ്ങള്‍ രണ്ടാളും ചിരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്.ഞങ്ങളുടെ മറ്റൊരു സുഹ്രുത്ത് ഹാരി റിസല്‍ട്ടുമായി വന്നത്.അവന്‍റെ മുഖത്തും സന്തോഷമില്ല.വന്നപാടെ അവന്‍ റിസല്‍ട്ട് ചോദിച്ചു.ഞങ്ങള്‍ റിസല്‍ട്ടു പറഞ്ഞു അവനും രണ്ട് വിഷയം കിട്ടിയിട്ടുള്ളു.
രണ്ട് വിഷയം കിട്ടിയില്ലെ,,,പിന്നെന്താടാ മുഖത്തൊരു തെളിച്ചമില്ലാത്തത്.അപ്പൊ ഒരുവിഷയം മാത്രം കിട്ടിയ എന്‍റെ കാര്യമൊന്നാലോചിച്ച് നോക്ക്,,,ഇതൊക്കെ നമുക്കെഴുതിയെടുക്കാടാ,,,ഞാനവനോട് പറഞ്ഞു.
അതല്ലെടാ പ്രശ്നം,,,കുറച്ചു നേരം നിറുത്തിയിട്ടവന്‍ പറഞ്ഞു,,,,
നിങ്ങളാരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം,,,എനിക്ക് ഫിസിക്സില്‍ 'ഒരു'മാര്‍ക്കാണ് കിട്ടിയത്,,ആദ്യമായിട്ടാണെനിക്കിങ്ങനെ,,,,അവന്‍ പറഞ്ഞുതീര്‍‍ത്തില്ല,,,,ഞങ്ങള്‍ ചിരി തുടങ്ങി,,,എടാ,,ഇതാരോടും പറയരുത്,,അവന്‍ വീണ്ടും റിക്യസ്റ്റ് ചെയ്തു,,,ഞങ്ങള്‍ പൊട്ടി ചിരിച്ചു,,,,അവന്‍റെ മുഖഭാവം മാറി,,ദേഷ്യപ്പെടും എന്നു കണ്ടപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ മാര്‍ക്ക് ലിസ്റ്റ് അവനു കൊടുത്തു. ഞങ്ങളുടെ മാര്‍ക്കുകണ്ടപ്പോള്‍ അവനും ചിരിക്കാന്‍ തുടങ്ങി.പിന്നെയതൊരു കൂട്ടചിരിയായി.
പെട്ടെന്നാണ് ഫിസിക്സ് ടീച്ചര്‍ ഞങ്ങളെ കണ്ടത്.ടീച്ചര്‍ ഞങ്ങളുടെയടുത്തേക്കുവന്നു.
എന്താ എല്ലാവരും ഭയങ്കരസന്തോഷത്തിലാണല്ലൊ,,,റിസല്‍ട്ട് വന്നതിന്‍റെയാകും അല്ലെ,,,
അതെ ടീച്ചര്‍ റിസല്‍ട്ട് വന്നതിന്‍റെയാണ്,,,എല്ലാം,,,,,,,,,,,,,,കിട്ടി....പോയ്....
ആഹാ,,,നന്നായി,,,,അല്ല,,,ഫിസിക്സിലെത്രമാര്‍ക്കുണ്ട്,,,,
കുഴപ്പമില്ല,,,,,ഞങ്ങള്‍ മൂന്നുപേര്‍ക്കും 'ഒരേ' മാര്‍ക്കാണ്.,,
ഓഹൊ,,,നിങ്ങള്‍ പരസ്പരം നോക്കിയെഴുതിയതാകുമല്ലെ,,,ടീച്ചര്‍ തമാശയായിപറഞ്ഞു.
അപ്പോഴേക്കും പ്രിന്‍സിപ്പാള്‍ വിളിച്ചു ടീച്ചര്‍ പോയി,,,,
ടീച്ചര്‍ പറഞ്ഞ കാര്യമോര്‍ത്തു ഞങ്ങള്‍ക്കു വീണ്ടും ചിരിവന്നു.

പടച്ചോനെ,,,,ഇവന്‍‌മാരുടെ പേപ്പര്‍ നോക്കിയെഴുതാനുള്ള ബുദ്ധിയെനിക്കു തോന്നിക്കാത്തതു നന്നായി,,,,, വെറുതെ മനുഷ്യന്‍റെ സമയം കളഞ്ഞിരുന്നു.ഞാന്‍ മനസ്സിലോര്‍ത്തു,,

  പിന്നീട് സപ്ലിമെന്‍ററിയെഴുതി നല്ല മാര്‍ക്കുനേടിയെങ്കിലും ഇന്നും,,,ഞാനിടക്ക് എന്‍റെയാ പഴയ മാര്‍‌ക്ക് ലിസ്റ്റെടുത്ത് നോക്കും,,,,,

എന്തുപറഞ്ഞാലും എനിക്കതൊരു 'ഇമ്മിണി ബല്യ ഒന്ന്' തന്നെയാ,,,,

Saturday, December 17, 2011

സ്നേഹം


അമ്മതന്‍ ഗര്‍ഭാശയത്തിനുള്ളിലൊരു ചെറുഭ്രൂണമായ് വളരവെ
എന്‍‌മനസ്സില്‍‌ ഞാനാശിച്ചുവോ സ്നേഹം

മുലപ്പാലേകുമെന്നമ്മതന്‍‌ മടിത്തട്ടില്‍ കിടന്നുകൊണ്ടാ
നയനങ്ങളില്‍‌ ഞാന്‍ കണ്ട പ്രകാശമോ സ്നേഹം

അസുഖബാധിതനായ് ഞാന്‍‌ കിടന്നിരുന്നൊരുനാളില്‍
എന്‍റച്ചനില്‍‌ കണ്ട ആധിയൊ സ്നേഹം

ക്ലാസിലെ കുസ്യതിയിലെന്‍ പിന്നാലെ ചൂരല്‍ വടിയായെത്തിയ
ടീച്ചറില്‍ കണ്ട ദേഷ്യമോ സ്നേഹം

എന്നുമെന്നിഴലായ് നടന്നിരുന്ന പ്രിയകളികൂട്ടുകാരിയുടെ
ഇടക്കിടക്കുള്ള കൊച്ചുപിണക്കങ്ങളോ സ്നേഹം

കോളേജിലെ തരുണീമണികളില്‍ ഞാനന്നുകണ്ട
പേരറിയാത്ത ഭാവങ്ങളോ സ്നേഹം

കലാലയത്തോട് വിടപറയുംനേരമെന്നെ കെട്ടിപ്പിടിച്ചുകരഞ്ഞ
കൂട്ടുകാരുടെ ആത്മനൊമ്പരങ്ങളൊ സ്നേഹം

പ്രണയനാളുകളിലന്നു പ്രണയിനിയെനിക്കയച്ച കത്തുകളിലെ
മധുരവാക്കുകളോ സ്നേഹം

എന്‍‌ജീവിതത്തിലെന്നു‌മെനിക്കുകൂട്ടായ് കടന്നുവന്നവളുടെ
പരിലാളനങ്ങളോ സ്നേഹം

കളിപ്പാട്ടങ്ങള്‍ വാങ്ങികൊടുക്കുമ്പൊഴെന്‍മക്കളുടെ മുഖത്ത്
വിരിയും പുഞ്ജിരികളോ സ്നേഹം

അകാലത്തിലെന്നെയേകനാക്കി യാത്രയായ പ്രിയതമയുടെ
മധുരസ്മരണകളോ സ്നേഹം

ചെയ്‌വാനൊന്നുമില്ലാതെ വീട്ടിലേകനായിരുന്നനാളില്‍ കേട്ട
മക്കളുടെ കുത്തുവാക്കുകളൊ സ്നേഹം

അതോ വ്യദ്ധസദനത്തിലെ കൂരിരുട്ടില്‍ പ്രകാശമായെത്തിയ
സിസ്റ്ററുടെ അശ്വാസവാക്കുകളൊ സ്നേഹം

എന്‍‌മ്യതദേഹം ചിതയില്‍ വക്കുമ്പൊഴെന്‍ ബന്ധുക്കളില്‍
ഞാന്‍കണ്ട കണ്ണുനീരൊ സ്നേഹം

ഇപ്പൊഴുമെന്നാത്മാവില്‍ അജ്ഞതയായ്കിടക്കുന്നു
സ്നേഹമെന്ന വാക്കിന്നര്‍‌ത്ഥമെന്തെന്ന്‌,,,,,,? ...?

Sunday, September 18, 2011

അനാഥന്‍,,



അച്ചനുമമ്മയും ആരെന്നറിയാതെ
അമ്മിഞ്ഞപ്പാലിന്‍റെ സ്വാദറിയാതെ
അഗതിമന്ദിരകെട്ടുകള്‍ക്കിടയി-
ലനാഥനായി വളര്‍ന്നു ഞാന്‍

അന്നൊരു മഴക്കാല നാളിലെങ്ങോ
അഗതിമന്ദിരത്തിലെ തിരുമുറ്റത്തെ
അമ്മത്തൊട്ടിലിലെന്നെകിടത്തിയി-
ട്ടെന്നമ്മയെങ്ങോ പോയ്മറഞ്ഞു

അന്നുതൊട്ടുഞാനിവിടെയാണെങ്കിലും
അച്ചനമ്മമാര്‍ കൂടെയില്ലെന്നാകിലും
അഗതിമന്ദിരത്തിലന്തേവാസികള്‍
ആരോമലുണ്ണിയായ് വളര്‍ത്തിയെന്നെ

എന്തുതെറ്റുഞാന്‍‌ ‍ചെയ്തുവെന്നറിയില്ല
എന്തിനമ്മയെന്നെകളഞ്ഞുവെന്നറിയില്ല
എങ്കിലുമില്ലയെനിക്കമ്മയോട് പരിഭവം
അമ്മയെന്നപദമത്രസ്നേഹിക്കുന്നു ഞാന്‍‌

ഇന്നെനിക്ക് സ്വന്തമായൊരുജോലിയുണ്ട്
എന്നുമെനിക്കുകൂട്ടായെന്‍പ്രിയഭാര്യയുണ്ട്
കളിചിരികളുമായ്കൂടെയെന്‍ കുട്ടികളുണ്ട്
സന്തോഷത്തിലാറാടുന്നൊരു കുടുംബമുണ്ട്

എന്നിട്ടുമെന്തെന്നറിയില്ലയെന്നുള്ളില്‍
വിങ്ങുന്നുമനം മാത്യസ്നേഹത്തിനായ്
അമ്മയുടെസ്നേഹം ഏറെകൊതിക്കുന്ന
പിഞ്ജുകുഞ്ഞിന്‍റെയുള്ളം തുടിക്കുന്നപോല്‍,,,

Wednesday, August 17, 2011

നിഷ്കളങ്കന്‍,,


ബസ്റ്റോപ്പില്‍ നില്‍ക്കുന്ന നേരമത്രയും എന്‍റെ ശ്രദ്ധ കുറച്ചുമാറി മൊബൈലുമായി നില്‍ക്കുന്ന വേളുത്ത് മെലിഞ്ഞ് കൊലുന്നനെയുള്ള പെണ്‍കുട്ടിയിലായിരുന്നു.അരമണിക്കൂറോളമായി ഞങ്ങള്‍ മാത്രമാണാ ബസ്റ്റോപ്പിലുള്ളത്.മുന്‍പു കണ്ട പരിചയമൊന്നുമില്ലെങ്കിലും എന്തോ ഒരു ആകര്‍ഷണീയത അവള്‍ക്കുണ്ടെന്നെനിക്കു തോന്നി.പക്ഷെ ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്കു അവള്‍ നോക്കുന്നു പോലുമില്ല.
എന്‍റെ മനസ്സിലുള്ള കാര്യം ഇവളോട് തുറന്നു ചോദിച്ചാലൊ,, ഒരുനിമിഷം ഞാന്‍ മനസ്സിലാലോചിച്ചു.
ഇന്നത്തെ   കാലമാണ്,,പെണ്‍കുട്ടികളെ നോക്കുന്നത് പോലും കുറ്റമാണത്രെ.അപ്പൊപിന്നെ വല്ലതും മിണ്ടാന്‍ ചെന്നാലുള്ള കാര്യം പറയാനെപറ്റില്ല.

ഞാന്‍ ചുറ്റും നോക്കി.പരിസരത്തൊന്നും വേറാരുമില്ല. ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ ഉപകരിക്കുന്നത് എന്‍റെ കയ്യിലുമുണ്ട്.പക്ഷെ തിരക്കിട്ടിറങ്ങയതിനിടയില്‍ അതെടുക്കാനും മറന്നു.കുറച്ചു പഴഞ്ജനാണെങ്കിലും ഇന്നുവരെ അതെന്നെ ചതിച്ചിട്ടില്ല. ഒരുകാലത്ത് പയ്യന്‍സിന്‍റെ സന്തതസഹചാരിയായിരുന്നുവല്ലൊവത്. മൊബൈല്‍മാനിയ പലര്‍ക്കും തലക്കുപിടിച്ചശേഷമാണ് അതിനുകുറച്ചെങ്കിലും ഇടിവുണ്ടായത്.
ഒരുമൊബൈലുണ്ടായിരുന്നെങ്കിലും മതിയായിരുന്നു.ഉമ്മച്ചിയോട് ഒരുദിവസം ചോദിച്ചതാ ഒരു മൊബൈലു വാങ്ങിതരുമോയെന്ന്.കുറച്ചുനേരം ഉമ്മച്ചിയൊന്നും മിണ്ടിയില്ല.വീണ്ടും ചോദിച്ചപ്പോള്‍ കത്തുന്ന കണ്ണുകളോടെയുള്ള നോട്ടമായിരുന്നു മറുപടി.പിന്നെ ഞാനൊന്നും ചോദിക്കാന്‍ പോയില്ല.വാപ്പച്ചിയോട് ചോദിച്ചാല്‍ മറുപടിയുടനുണ്ടാകുമെന്നെനിക്കറിയാമായിരുന്നു.അതു കൈകൊണ്ടാണൊ വടികൊണ്ടാണോയെന്നെ അറിയേണ്ടതുള്ളു.രണ്ടുംഎനിക്കത്രയിഷ്ടമില്ലാത്തതുകൊണ്ട് വാപ്പച്ചിയോടതിനെകുറിച്ചൊന്നും ചോദിച്ചില്ല. 

ഹും,,ഇനിയിപ്പൊ അതൊന്നും ആലോചിച്ചിട്ടു കാര്യമില്ല.തല്‍ക്കാലം രണ്ടും കല്പ്പിച്ച് ഇവളോട് നേരിട്ടുചോദിക്കുകതന്നെ.  ഞാന്‍ ഒന്നുകൂടി പരിസരമൊന്നു ശ്രദ്ധിച്ചു. ഇല്ല,,അടുത്തെങ്ങും ആരുമില്ല.
ഞാന്‍ കുറച്ചുകൂടിയവളുടെയടുത്തേകചെന്നു. അവളുടെ ശ്രദ്ധയിപ്പോഴും മോബൈലിലാണ്.എന്നെ നോക്കുന്നുപോലുമില്ല.ദൈവമേ,,,ഇങ്ങനേയുമുണ്ടോ പെണ്‍കുട്ടികള്‍,, 

ഞാന്‍ ചെരുതായൊന്നു മുരടനക്കി.

പെട്ടെന്നെന്നെയടുത്ത് കണ്ടതുകൊണ്ടാണോയെന്നറിയില്ല അവളൊന്നു പകച്ചുവെന്നെനിക്കു തോന്നി. 

കുട്ടീ,, 

അവളുടെ നോട്ടത്തിനുമുന്‍പില്‍ പറയാനുള്ളതു തൊണ്ടയില്‍ തടഞ്ഞു.അവള്‍ വീണ്ടുമെന്നെ തുറിച്ചുനോക്കികൊണ്ട് രണ്ടടി പിന്നോട്ട് മാറിനിന്നു. അവസാനം ചോദിക്കനുള്ളത് ഒരുവിധം ഞാന്‍ പറഞ്ഞൊപ്പിച്ചു.



കുട്ടീ,,സമയമെത്രയായി,,,? ഞാനിന്നു വാച്ചെടുക്കാന്‍ മറന്നു......

..............................................


Friday, June 24, 2011

അമ്മ മനസ്സ്




 അമ്മേ,,  അമ്മക്ക് സുഖമല്ലെ?

 ഒരുപാട് കാലത്തിനു ശേഷം മകനില്‍ നിന്ന് അങ്ങനെയൊരു ചോദ്യം കേട്ടപ്പോള്‍ അമ്മ രണ്ട്നിമിഷം ആശ്ചര്യപെട്ടുനിന്നു. കുറച്ചുകാലമായി മകന്‍ തന്നോടൊന്നും സംസാരിക്കാറില്ലായിരുന്നല്ലൊ .ആകെയുള്ളൊരാണ്‍തരി അവന്‍ തന്നോട് അകല്‍ച്ച കാണിച്ചു തുടങ്ങിയപ്പോള്‍ താന്‍ ഒരുപാട് സങ്കടപ്പെട്ടിരുന്നു.മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം തന്നേയും മോനേയും തനിച്ചാക്കി പോയപ്പോള്‍ മറ്റൊരു വിവാഹത്തിനു പലരും തന്നെ നിര്‍ബന്ധിച്ചതാണ്.പക്ഷെ മകനോടുള്ള തന്റെ സ്നേഹം കുറയുമോ എന്നു വിചാരിച്ച് ഞാന്‍ സമ്മതിച്ചില്ല.കുട്ടികള്‍ക്ക് ട്യൂഷനെടുത്തും തയ്യല്‍ ജോലി ചെയ്തുമാണ് താനവനെ വളര്‍ത്തിയത്.അമ്മയും മകനും എന്നതിനേക്കാളുപരി നല്ല സുഹ്രുത്തുക്കളായിരുന്നു ഞങ്ങള്‍. അവനു എന്തുകാര്യത്തിനും താന്‍ തന്നെ വേണമായിരുന്നു.ഓരോ ക്ലാസ്സിലും ഒന്നാമതായി അവന്‍ വിജയിച്ചു കൊണ്ടിരിക്കുമ്പോള്‍ തനിക്കഭിമാനമായിരുന്നു.അവന്റെ അമ്മയെന്നനിലയില്‍ സ്കൂളിലെല്ലാവരും തന്നോട് വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.അപ്പോഴൊക്കെ തനിക്കിങ്ങനെയൊരു മകനെ തന്നതിന് ദൈവത്തെ ഒരുപാട് സ്തുതിച്ചിട്ടുണ്ട്.അതൊന്നും കാണാന്‍ അദ്ദേഹം കൂടെയില്ലല്ലൊ എന്ന ദു:ഖം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്.
 ഉയര്‍ന്നമാര്‍ക്കോടെ എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങിയ അവന് വലിയോരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ആറക്ക ശമ്പളത്തില്‍ ജോലി കിട്ടിയപ്പോള്‍ സ്വര്‍ഗം ലഭിച്ച ഭാവമായിരുന്നു തനിക്ക്.താമസിയാതെ നല്ലൊരു വീടുവച്ച് ഞങ്ങള്‍ താമസം മാറി.അവന്റെ കമ്പനിയില്‍ വര്‍ക്കു ചെയ്യുന്ന കുട്ടിയെ അവന്‍ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ അവരുടെ കല്യാണം താന്‍ നടത്തികൊടുത്തു.മരുമകള്‍ ആദ്യമൊക്കെ നല്ല സ്നേഹത്തോട് കൂടിയാണ് തന്നോട് പെരുമാറിയിരുന്നത്.   പിന്നീടെപ്പോഴൊ താനും മകനും തമ്മില്‍ അകന്നുകൊണ്ടിരുന്നു. മകനും മരുമകളും ജോലിക്കു പോയാല്‍ വീട്ടില്‍ താന്‍ തനിച്ചായിരുന്നു.അതുകൊണ്ടു തന്നെ മകനൊരു കുഞ്ഞു പിറന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചത് താനായിരുന്നു.കുറച്ചുകാലം പേരമക്കളുമായി സന്തോഷത്തോടെ കഴിഞ്ഞു.അവര്‍ പഠിക്കാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും താന്‍ തനിച്ചായി.എപ്പോഴും പഠിപ്പ് പഠിപ്പ് എന്നുപറഞ്ഞ് അവരെ തന്റെ അടുത്തിരിക്കാന്‍ പോലും വിടാതായി. പാവം കുട്ടികള്‍,,

എന്താ അമ്മ ആലോചിച്ച് നില്‍ക്കുന്നത്?    അമ്മക്കെന്തെങ്കിലും അസുഖമുണ്ടൊ?

എന്താ കണ്ണ് നിറഞ്ഞിരിക്കുന്നത്?
  
മകന്റെ ചോദ്യമാണ് തന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.

ഒന്നുമില്ല മോനെ,, കണ്ണില്‍ പൊടിപോയതാണ് ,,, സാരമില്ല,,  

 എന്നാല്‍ അമ്മ പെട്ടെന്നു റഡിയാക്,, നമുക്ക് കുറച്ചു സ്ഥലങ്ങള്‍ പോകാനുണ്ട്. ഇവിടെയിങ്ങനെയിരുന്നു അമ്മക്കു ബോറഡിക്കുന്നുണ്ടാകും.

ശരിയാണ് ,,കുറച്ചായി വീട്ടിലിരുന്നു ബോറഡിക്കുകയാണ്,, പണ്ടൊക്കെ മകന്റെ കൂടെ എവിടെങ്കിലുമൊക്കെ പോകാറുണ്ടായിരുന്നു,, തനിക്കു വളരെ സന്തോഷമുള്ള കാര്യമായിരുന്നുവത്. കുറച്ചു കാലമായി മോന്റെ കൂടെ വല്ല സ്ഥലത്തും പോയിട്ട്.
എല്ലാം ശരിയായി വരികയാണൊ, ദൈവമെ നിനക്കൊരായിരം സ്തുതി,,,
മോനെ മുഷിപ്പിക്കണ്ട എന്നു വിചാരിച്ച് പെട്ടെന്നു റഡിയായിവന്നു.

അമ്മക്കിപ്പോള്‍ പത്തുവയസ്സു കുറഞ്ഞ പോലുണ്ട്. മരുമകളൂടെ കമന്റ്.

മരുമകളും ഇന്ന് നല്ല സന്തോഷത്തിലാണല്ലൊ,,,   മക്കള്‍ സ്കൂള്‍ വിട്ടുവരാന്‍ വൈകുന്നേരമാകും.   പുറത്തെത്തിയപ്പോള്‍ മകന്‍ കാര്‍ പോര്‍ച്ചില്‍ നിന്നിറക്കിയിരുന്നു.പോയി ബാക്ക് ഡോര്‍ തുറന്നു.  

അമ്മ മുന്നില്‍ കയറിക്കോളു,,,

വീണ്ടും അത്ഭുതം,,മകന്റെ കല്ല്യാണം കഴിഞ്ഞശേഷം താനെന്നും പിറകിലായിരുന്നല്ലൊ. ശരിയാണ് എല്ലാം മാറി വരികയാണ്.മരുമകള്‍ ബാക്കില്‍ കയറി,  വണ്ടിയിലിരിക്കുമ്പോഴും ആരുമൊന്നും സംസാരിച്ചിരുന്നില്ല.വണ്ടി കുറെനേരം ഓടികൊണ്ടിരുന്നു.നേരം ഉച്ചയാകാറായി.

 അമ്മേ നമുക്കു വല്ലതും കഴിക്കാം,,, മോന്‍ പറഞ്ഞു.

വണ്ടി ഒരു വലിയ ഹോട്ടലിന്റെ മുമ്പിലെത്തി നിന്നു. ഇറങ്ങി ഹോട്ടലിലേക്കു നടന്നു.ഹോട്ടലിനുള്ളില്‍ ഏസിയുടെ കുളിര്‍മ.തലപ്പാവു വച്ച ജോലിക്കാര്‍ താനാദ്യമായാണ് ഇത്രയും വലിയ ഹോട്ടലില്‍ കയറുന്നത്. കൈ കഴുകി ടേബിളിരിക്കുമ്പോള്‍ മോന്‍ ചോദിച്ചു.

അമ്മക്കെന്താണു സ്പെഷലായിട്ടു കഴിക്കാന്‍ വേണ്ടത് എന്തു വേണമെങ്കിലും പറഞ്ഞോളു,,,  

എനിക്കു സ്പെഷലൊന്നും വേണ്ടമോനെ,,, സാദാ ഊണു മതി,,    

കുറെ കാലത്തിനു ശേഷമാണ് ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്.എങ്കിലും നല്ല രുചികരമായി തോന്നി,,,  ഭക്ഷണം കഴിഞ്ഞ ശേഷം ഹോട്ടലിന്റെ പടിയിറങ്ങുമ്പോള്‍ മരുമകള്‍ വന്നു തന്റെ കൈപിടിച്ചു.
 അമ്മേ,, സൂക്ഷിച്ചിറങ്ങണം ,,,
 മരുമകള്‍ ഇത്രസ്നേഹത്തോടെ ഈയടുത്ത കാലത്തൊന്നും തന്നോട് പെരുമാറിയിട്ടില്ല. എല്ലാം തന്റെ പ്രാര്‍ത്ഥനയുടെ ഫലം.ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല,,,  
വണ്ടി വീണ്ടും കുറച്ചു നേരം ഓടി.വലിയൊരു ടെക്സ്റ്റൈല്‍ ഷോപ്പിന്റെ മുമ്പില്‍ നിറുത്തി.

 വാ,, അമ്മെ അമ്മക്കു കുറച്ചു ഡ്രസ്സ് എടുക്കാം,,, എല്ലാം പഴയതായിരിക്കുന്നു,,,,

താന്‍ വേണ്ട എന്നു പറഞ്ഞിട്ടും അവന്‍ സമ്മതിച്ചില്ല,,   തനിക്കൊരു സെറ്റു മുണ്ട്,, മതിയെന്നു പറഞ്ഞു,,, ടെക്സ്റ്റൈല്‍സ് ഷോപ്പില്‍ നല്ല തിരക്കായിരുന്നു. മകനും മരുമകളും കൂടി എന്തൊക്കെയൊ വാങ്ങുന്നുണ്ട്,, തിരക്കില്‍ നിന്നും കുറച്ചു മാറിനിന്നു. അരമണിക്കൂറിനുശേഷം മകനും മരുമകളും കൂടി നാലഞ്ച് വലിയ കവറുമായി തന്റെ അടുത്തേക്കു വന്നു,,

വാ,,അമ്മെ പോകാം,,,    ഇതെല്ലാം അമ്മക്കുള്ളതാണ് ,,,

എനിക്കെന്തിനാ മോനെ ഇത്ര അധികം  ഡ്രസ്സ്,,,  അപ്പൊ,,നിങ്ങളൊന്നും വാങ്ങിയില്ലെ,,?  

ഇരിക്കട്ടെ അമ്മെ,, കുറച്ചായില്ലെ ഞാന്‍ അമ്മക്കു പുതിയ ഡ്രസ്സെല്ലാം എടുത്തു തന്നിട്ട്,,  ഞങ്ങളൊക്കെ ഇടക്കെടുക്കാറുള്ളതാണ്‍,,,

 താനൊന്നും മിണ്ടിയില്ല,,, സന്തോഷം കൊണ്ട് തന്റെ മനം നിറഞ്ഞിരുന്നു,,,
 മരുമകള്‍ കവറുകളെല്ലാം ഡിക്കിയില്‍ വച്ചു,, മോന്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നു,,,   കാറില്‍ കയറിയിരുന്നു,,,  മരുമകള്‍ ബാക്കില്‍ കയറി,,,   ദൈവമേ,,, നിന്നെയെത്ര സ്തുതിച്ചാലും മതിയാകില്ല,,,, എന്റെ മോനിക്കു നല്ലതുമാത്രം വരുത്തണമേ,,,

എടീ,, എല്ലാം ശരിക്കു വച്ചില്ലെ,,,

മകനതു ചോദിച്ചു കൊണ്ട് ഡിക്കിയൊന്നുകൂടി പരിശോധിച്ചു,,,  അവസാനം എല്ലാം ഉണ്ടെന്നുറപ്പു വരുത്തി,,  ഡ്രൈവിഗ് സീറ്റില്‍ കയറിയിരുന്നു,,,  ഇതുവരെയുള്ളകാര്യങ്ങളെല്ലാം ഒകെയാണെന്നു മനസ്സിലൊന്നു കൂടി ഉറപ്പു വരുത്തി. കാര്‍ സ്റ്റാര്‍ട്ട്ചെയ്തു,, അമ്മയെയൊന്നു നോക്കി,,, അമ്മ നേരിയ ഉറക്കത്തിലെന്നപോലെ കണ്ണടച്ചിരിക്കുകയായിരുന്നു,,,,,

കാര്‍ മെയിന്‍ റോട്ടിലേക്കിറക്കി,,, അടുത്തുള്ള വ്യദ്ധസദനം ലക്ഷ്യമാക്കി പാഞ്ഞു,,,

  അമ്മമനസ്സ് അപ്പോഴും പ്രാര്‍ത്ഥിക്കുകയായിരുന്നു,,,,

 ദൈവമേ,,, എന്റെമകനു നല്ലതു മാത്രം വരുത്തണമേ,,,,